Saturday, August 14, 2010

പെരുമ നടിക്കല്‍

ഈ സൂറ ഭൌതിക പൂജയുടെ അനന്തരഫലത്തെക്കുറിച്ച് ജനങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കുകയാണ്. ഭൌതികഭ്രമത്താല്‍ അവര്‍ അന്ത്യശ്വാസം വരെ സമ്പത്തും സ്ഥാനമാനങ്ങളും അധികാരവും പ്രതാപവും സുഖാനന്ദങ്ങളും വാരിക്കൂട്ടാന്‍ പരസ്പരം മത്സരിച്ചുകൊണ്ടിരിക്കുകയാണ്. അവ നേടിയതിന്റെ പേരില്‍ അവര്‍ അഭിമാനമപുളകിതരാകുന്നു. അതിനുപരി മറ്റൊന്നും ശ്രദ്ധിക്കാനുളള പ്രജ്ഞയേ ഇല്ലാത്തവണ്ണം അവര്‍ അതിനെക്കുറിച്ചുളള വിചാരത്തില്‍ ആണ്ടുപോയിരിക്കുന്നു. അതിന്റെ പരിണതിയെക്കുറിച്ചുണര്‍ത്തിയ ശേഷം ആളുകളോടു പറയുന്നു: നിങ്ങള്‍ ബോധമില്ലാതെ വാരിക്കൂട്ടുന്ന ഈ അനുഗ്രഹങ്ങളുണ്ടല്ലോ, അവ അനുഗ്രഹങ്ങള്‍ മാത്രമല്ല; നിങ്ങളെ പരീക്ഷിക്കാനുളള ഉപാധികള്‍കൂടിയാണ്. ഈ അനുഗ്രഹങ്ങളിലോരോന്നിനെക്കുറിച്ചും നിങ്ങള്‍ പരലോകത്ത് സമാധാനം ബോധിപ്പിക്കേണ്ടിവരും. 
 
  أَلْهَاكُمُ التَّكَاثُرُ
 "പരസ്പരം പെരുമ നടിക്കല്‍ നിങ്ങളെ അശ്രദ്ധരാക്കിയിരിക്കുന്നു ."
لَهْو  - 'അശ്രദ്ധ'  എന്ന പദത്തില്‍ നിന്നാണ്  أَلْهَاكُمُ എന്ന പദം ഉണ്ടായിരിക്കുന്നത് .
ഒരാള്‍ സുപ്രധാനമായ മറ്റു കാര്യങ്ങളിലെല്ലാം അശ്രദ്ധനായി ഒരു വിഷയത്തില്‍തന്നെ മുഴുകിപ്പോകാന്‍ മാത്രം അതില്‍ ആകൃഷ്ടനാവുക എന്ന അര്‍ഥത്തിലാണ് അറബിഭാഷയില്‍ ഈ പദം ഉപയോഗിക്കാറുളളത്. 
تَكَاثُر  എന്ന പദം كَثْرَة എന്ന പദത്തില്‍ നിന്നാണ്. അതിന്ന് മൂന്നര്‍ഥങ്ങളുണ്ട്. 
ഒന്ന്: ഏറെയേറെ സമൃദ്ധിയാര്‍ജിക്കാന്‍ ശ്രമിക്കുക. രണ്ട്: സമൃദ്ധി കൈവരുത്തുന്നതില്‍ മറ്റുള്ളവരെ മറികടക്കാന്‍ ശ്രമിക്കുക. മൂന്ന്: താന്‍ മറ്റുള്ളവരെക്കാള്‍ സമൃദ്ധി നേടിയിട്ടുണ്ടെന്ന് അഭിമാനിക്കുക.
ആളുകള്‍ ഭൌതികവിഭവങ്ങളാര്‍ജിക്കുന്ന തിരക്കില്‍ ആപേക്ഷികമായി അതിനെക്കാള്‍ പ്രധാനമായ എല്ലാ സംഗതികളെയും അവഗണിച്ചിരിക്കുന്നു. അവര്‍ ദൈവബോധമില്ലാത്തവരായി. പരലോകവിചാരമില്ലാത്തവരായി ധാര്‍മിക പരിധികളും ധാര്‍മിക ബാധ്യതകളും മറന്നുപോയി. അവകാശികളുടെ അവകാശങ്ങളെ സംബന്ധിച്ചും അവ വകവെച്ചുകൊടുക്കുന്നതിലുള്ള സ്വന്തം കര്‍ത്തവ്യങ്ങളെക്കുറിച്ചും അശ്രദ്ധരായി. ജീവിതനിലവാരം ഉയര്‍ത്തുന്നതിനെക്കുറിച്ചാണവരുടെ ചിന്ത മുഴുവന്‍. 
ഈ ചിന്ത ഇവിടം വരെ പോകും എന്നാണ് അടുത്ത ആയത്തില്‍ പറയുന്നത് 



   حَتَّىٰ زُرْتُمُ الْمَقَابِرَ
" ഖബറിടങ്ങള്‍ സന്ദര്‍ശിക്കുന്നത് വരെ "
അതായത്, നിങ്ങള്‍ ആയുസ്സ് മുഴുവന്‍ ഈ പ്രയത്നത്തില്‍ ഹോമിക്കുന്നു. അന്ത്യനിമിഷം വരെ നിങ്ങളീ വിചാരം വെടിയുകയില്ല.
  
كَلَّا سَوْفَ تَعْلَمُونَ
" അല്ല , അടുത്ത് തന്നെ നിങ്ങള്‍ അറിയുന്നുണ്ട് ."
അതായത്, ഭൌതിക വിഭവങ്ങളിലുളള സമൃദ്ധിയും അതില്‍ മറ്റുളളവരെക്കാള്‍ മുന്നേറുന്നതും തന്നെയാണ് പുരോഗതിയും വിജയവുമെന്ന് നിങ്ങള്‍ തെറ്റിദ്ധരിച്ചിരിക്കുന്നു. എന്നാല്‍ പുരോഗതിയും വിജയവും ഒരിക്കലും അതല്ല. അടുത്ത് അതിന്റെ ദുഷ്ഫലം നിങ്ങള്‍ക്കു മനസ്സിലാകും. എത്ര വലിയ തെറ്റുകളിലാണ് നിങ്ങളുടെ ജീവിതം അര്‍പ്പിച്ചത് എന്ന് അപ്പോള്‍ നിങ്ങള്‍ അറിയുകയും ചെയ്യും. അടുത്ത് എന്നതുകൊണ്ടുദ്ദേശ്യം പരലോകമാകാം. 

ثُمَّ كَلَّا سَوْفَ تَعْلَمُونَ
 "സംശയം വേണ്ടാ,  നിങ്ങള്‍ അറിയുക തന്നെ ചെയ്യും ."

كَلَّا لَوْ تَعْلَمُونَ عِلْمَ الْيَقِينِ 
"അല്ല , വ്യക്തമായ ജ്ഞാനം ഉണ്ടായിരുന്നെങ്കില്‍  .   "

لَتَرَوُنَّ الْجَحِيمَ
"നിങ്ങള്‍ നരകത്തെ കാണുക തന്നെ ചെയ്യും."

ثُمَّ لَتَرَوُنَّهَا عَيْنَ الْيَقِينِ
"വീണ്ടും കേട്ടു കൊള്ളുക , നിങ്ങള്‍ തികഞ്ഞ ബോധ്യത്തോടെ അതിനെ കാണുകതന്നെ ചെയ്യും."






 ... തുടരും
താഴെയുള്ള വീഡിയോ ഈ വിഷയത്തെ പരാമര്‍ശിക്കുന്നു   
http://il.youtube.com/watch?v=Hh_yQqVn_Dk&feature=related