Sunday, June 27, 2010

അല്‍ ‍-കൌസര്‍ (ധാരാളം അനുഗ്രഹം)

سورة  الكوثر (മക്കി)
പശ്ചാത്തലം:
മക്കയില്‍ നബി(സ) യും അനുയായികളും കൊടിയ പീഡനങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന കാലം. കൊലപാതകങ്ങള്‍ ഉള്‍പ്പെടെയുള്ള നിരന്തരമായ ശാരീരിക പീഡന - മര്‍ദ്ദന മുറകള്‍ ,   സാമ്പത്തികമായി ഭദ്രതയില്ലായ്മ തുടങ്ങി വളരേയേറെ പ്രയാസങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലാണ്‌ ഈ സൂറത്ത്‌ അവതരിക്കുന്നത്‌.
ഹബ്ബാബ്നു അര്‍ത്ത്‌ (റ) നബിയുടെ അടുത്തു വന്നുകൊണ്ട്‌ വസ്‌ത്രം ഉയര്‍ത്തിക്കൊണ്ട്‌ മുതുകിലെ പാടുകള്‍ കാണിച്ചു കൊടുത്ത് കൊണ്ട്  ചോദിച്ചു:
 ألا تستنصر لنا ألا تدعو لنا
 "താങ്കള്‍ ഞങ്ങള്‍ക്ക് വേണ്ടി അല്ലാഹുവിനോട് സഹായമഭ്യര്‍ത്തിക്കുന്നില്ലയോ..പ്രാര്‍ഥിക്കുന്നില്ലയോ ?"


അപ്പോള്‍ റസൂല്‍ പറഞ്ഞു:
قد كان من قبلكم يؤخذ الرجل فيحفر له في الأرض فيجعل فيها فيجاء بالمنشار فيوضع على رأسه فيجعل نصفين ويمشط بأمشاط الحديد ما دون لحمه وعظمه فما يصده ذلك عن دينه
الله ليتمن هذا الأمر حتى يسير الراكب من صنعاء إلى حضرموت لا يخاف إلا الله والذئب على غنمه ولكنكم تستعجلون
"നിങ്ങള്‍ക്ക്‌ മുമ്പ് കഴിഞ്ഞു പോയവര്‍ അനുഭവിച്ചതൊന്നും നിങ്ങള്‍ അറിയില്ലയോ?. അവരുടെ മാംസം എല്ലുകളില്‍ വേര്‍പ്പെടുവോളം ഇരുമ്പിണ്റ്റെ ചീര്‍പ്പുകള്‍ കൊണ്ട്‌ ദേഹമാസകലം വാര്‍ന്നപ്പോഴും അത്‌ അവരെ അല്ലഹുവിന്റെ  ദീനില്‍ നിന്നും വ്യതിചലിക്കാന്‍ പ്രേരിപ്പിച്ചില്ല. ഒരു യാത്രക്കാരന്‌ സന്‍ആ മുതല്‍ ഹദറ മൌത്‌ വരെ അല്ലാഹുവിനെയും തന്‍റെ ആട്ടിന്‍ കൂട്ടങ്ങളെ പിടിച്ചേക്കാവുന്ന ചെന്നായയും അല്ലാതെ മറ്റൊന്നിനേയും ഭയക്കെണ്ടാത്ത അവസ്ഥ വരുവോളം അല്ലാഹു അവണ്റ്റെ ദീനിനിനെ നിലനിര്‍ത്തുക തന്നെ ചെയ്യും. നിങ്ങള്‍ ധൃതി വെക്കുകയല്ലേ?"

ഇങ്ങനെ തന്റെ അനുയായികളെ ആശ്വസിപ്പിക്കുകയും നല്ല ഒരു നാളെയെ കുറിച്ചുള്ള പ്രതീക്ഷ നല്‍കുകയും ചെയ്യുകയായിരുന്നു റസൂല്‍ (സ)ക്ക് ധാരാളം അനുഗ്രം എന്ന അര്‍ത്ഥത്തിലുള്ള കൌസര്‍  - നെ കുറിച്ച സന്തോഷ വാര്‍ത്തയുമായി ഈ സൂറത്ത് അവതരിക്കുന്നത് . എണ്ണമറ്റ നന്മകളുടെയും അനുഗ്രഹങ്ങളുടെയും ആധിക്യമാണ് കൌസര്‍ എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത് . തിരുമേനിക്ക് ഇഹലോകത്തും പരലോകത്തും ലഭിച്ച അതുല്യവും അത്യുല്‍കൃഷ്ടവുമായ സ്വഭാവഗുണങ്ങള്‍ അക്കൂട്ടത്തില്‍പെട്ടതാണ്. തിരുമേനിയുടെ പ്രവാചകത്വം, ഖുര്‍ആന്‍, ജ്ഞാനവിജ്ഞാനങ്ങള്‍ എന്നീ മഹാനുഗ്രഹങ്ങളും കൌസറിന്റെ ഭാഗം തന്നെ. തൌഹീദും അതില്‍പെടുന്നു. കൌസരില്‍ പെട്ട മറ്റൊരു അനുഗ്രഹമാണ് പരലോകത്ത് ലഭിക്കാന്‍ പോകുന്ന ഒരു തടാകം. അന്ത്യനാളില്‍ നബി(സ)ക്ക് പ്രദാനം ചെയ്യപ്പെടുന്നതാണ് . എല്ലാവരും العَطَش العَطَش (ദാഹം, ദാഹം) എന്ന് ആര്‍ത്തുകൊണ്ടിരിക്കുന്ന അതിക്ളേശകരമായ അവസരത്തിലായിരിക്കും അത് ലഭിക്കുക. തിരുമേനിയുടെ സമുദായം അതിനടുത്ത് അദ്ദേഹത്തെ സമീപിക്കും. അവര്‍ അതില്‍നിന്ന് ദാഹം തീര്‍ക്കും.

ഈ സൂറത്തിലെ രണ്ടാമത്തെ ആയത്തില്‍ : فَصَلِّ لِرَبِّكَ وَانْحَرْ എന്ന് പറയുന്നുണ്ട് .
"ആകയാല്‍ നിന്റെ നാഥനു വേണ്ടി നമസ്കരിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്യുക"
പ്രവാചകാ, താങ്കളുടെ നാഥന്‍ താങ്കള്‍ക്ക് ഇത്ര ഗംഭീരവും സമൃദ്ധവുമായ നന്മകള്‍ അരുളിയിട്ടുള്ളതിനാല്‍ താങ്കള്‍ അവന്നുവേണ്ടി നമസ്കരിക്കുകയും അവന്നുവേണ്ടി ബലിനടത്തുകയും ചെയ്യുക. 

ഈ ആശയം സൂറ അല്‍അന്‍ആം 162-163 സൂക്തങ്ങളില്‍ ഇങ്ങനെയാണ് അവതരിപ്പിച്ചിട്ടുള്ളത്:
قُلْ إِنَّ صَلَاتِي وَنُسُكِي وَمَحْيَايَ وَمَمَاتِي لِلَّهِ رَبِّ الْعَالَمِينَ . لَا شَرِيكَ لَهُ ۖ وَبِذَٰلِكَ أُمِرْتُ وَأَنَا أَوَّلُ الْمُسْلِمِينَ
"നീ പ്രഖ്യാപിക്കുക, എന്റെ നമസ്കാരവും ബലിയും എന്റെ ജീവിതവും മരണവും എല്ലാം അല്ലാഹുവിന്നുള്ളതാകുന്നു. അവന്നു പങ്കാളികളാരുമില്ല. അതാണ് ഞാന്‍ ആജ്ഞാപിക്കപ്പെട്ടിട്ടുള്ളത്. ഞാന്‍ അവന് സമര്‍പ്പിച്ചവരില്‍ പെട്ട മുസ്ലിംകളില്‍  ഒന്നാമനാകുന്നു"
 നമസ്കാരത്തിനെ പ്രാധാന്യത്തെ കുറിച്ച സൂറത്തുല്‍ ബഖറ(45)ല്‍ ഇങ്ങനെ പറയുന്നു:
 وَاسْتَعِينُوا بِالصَّبْرِ وَالصَّلَاةِ  ۚ وَإِنَّهَا لَكَبِيرَةٌ إِلَّا عَلَى الْخَاشِعِينَ  - البقرة: ٤٥
"ക്ഷമകൊണ്ടും നമസ്കാരംകൊണ്ടും സഹായം തേടുവിന്‍. നമസ്കാരം ഒരു ഭാരിച്ച കര്‍മംതന്നെയാകുന്നു. പക്ഷേ, ഒടുവില്‍ തങ്ങളുടെ റബ്ബിനെ കണ്ടുമുട്ടുമെന്നും അവങ്കലേക്കുതന്നെ മടങ്ങിച്ചെല്ലേണ്ടതുണ്ടെന്നും കരുതുന്ന അനുസരണശീലരായ ദാസന്‍മാര്‍ക്ക്    അത് ഒട്ടും ഭാരമല്ലതാനും."
إِنَّ اللَّهَ وَمَلائِكَتَهُ يُصَلُّونَ عَلَى النَّبِيِّ يَا أَيُّهَا الَّذِينَ آمَنُوا صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمًا
 അല്ലാഹുവും അവന്‍റെ  മലക്കുകളും നബി(സ)ക്ക് മേല്‍ സ്വലാത്ത് ചൊല്ലുന്നു (അനുഗ്രഹങ്ങള്‍ ചൊരിഞ്ഞു കൊണ്ടിരിക്കുന്നു-കൂടുതല്‍ ഇവിടെ വായിക്കുക) , സത്യവിശ്വാസികളെ .. നിങ്ങളും അദ്ദേഹത്തിന്‍റെ മേല്‍ സ്വലാത്തും സലാമും ചൊല്ലുക . 


മൂന്നാമത്തെ ആയത്തില്‍

إِنَّ شَانِئَكَ هُوَ الْأَبْتَرُ   - "താങ്കളുടെ ശത്രുവാരോ  അവനാണ് കുറ്റിയറ്റവന്‍ ‍"
ابتر എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത് കുറ്റിയറ്റവന്‍ ,വേരറ്റവന്‍ എന്നൊക്കെയാണ്


നബി(സ)യുടെ പുത്രന്‍ ഖാസിമിന്റെ മരണ ശേഷം അബൂ ലഹബ്   بتر محمد فى اليل    
"ഈ രാത്രി മുഹമ്മദ്‌ കുറ്റിയറ്റുപോയിരിക്കിന്നു." 
എന്ന് വിളിച്ചു പറഞ്ഞു കൊണ്ട് നബി(സ)യുടെ പുത്രന്‍റെ മരണം ആഘോഷിച്ചു. നബി(സ)യുടെ ആണ്‍ മക്കള്‍ ഇല്ലാതാവുന്നതോടെ നബി(സ)യുടെ വംശ പരമ്പര തന്നെ ഇല്ലാതാവുമെന്നും അതു വഴി ഇസ്ലാമിന്‍റെ പ്രചരണം തന്നെ അവസാനിച്ചു കൊള്ളുമെന്നും ഖുറൈശികള്‍ വ്യാമോഹിച്ചു .     
 എന്നാല്‍ ഖുര്‍ആന്‍  ഇതിനു ശക്തമായ ഭാഷയില്‍ മറുപടി പറഞ്ഞു. അത് സത്യമായി പുലരുകയും ചെയ്തു .
إِنَّ شَانِئَكَ هُوَ الْأَبْتَرُ 
"തീര്‍ച്ചയായും നിന്നോട് ശത്രുത പുലര്‍ത്തുന്നവര്‍ തന്നെയാണ് കുറ്റിയറ്റു പോയിരിക്കുന്നത്."  
ഇസ്ലാം മക്കയില്‍ മാത്രമല്ല ലോകത്താകമാനം പൂര്‍വോപരി ശക്തിയോടെ വ്യാപിച്ചു . ഖുറൈശികളും അവരുടെ കുതന്ത്രങ്ങളും മക്കയിതന്നെ ഒടുങ്ങിത്തീര്‍ന്നു. അബൂലഹബ് മറാരോഗം വന്ന് എല്ലാവരില്‍ നിന്നും ഒറ്റപ്പെട്ടു.

 വാക്കര്‍ത്തം :
إِنَّا =  നിശ്ചയമായും നാം أَعْطَيْنَاكَ =  നിനക്ക് നാം നല്‍കിയിരിക്കുന്നു الْكَوْثَرَ =  ധാരാളം നന്മ
فَصَلِّ =  അതിനാല്‍ നീ നമസ്കരിക്കുക لِرَبِّكَ =  നിന്റെ നാഥന്ന് وَانْحَرْ =  നീ ബലിയര്‍പ്പിക്കുകയും ചെയ്യുക
إِنَّ شَانِئَكَ =  നിശ്ചയം നിന്നോട് ശത്രുത പുലര്‍ത്തുന്നവന്‍ هُوَ =  അവന്‍ തന്നെയാണ് الْأَبْتَرُ =  വാലറ്റവന്‍